കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. താരത്തിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസിൽ ഇരയ്ക്കൊപ്പം പോലീസ് നിലയുറപ്പിക്കുമെന്നും അന്വേഷണം ഊർജ്ജിതമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കമ്മീഷണർ പറഞ്ഞു. നടൻ വിജയ് ബാബു പൊലീസിനെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ ഇരയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിച്ചുവെന്ന കണ്ടെത്തലിൽ പൊലീസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് സി എച്ച് നാഗരാജു പറഞ്ഞു.