കൊച്ചി: പുനലൂരിലെ നിർധനരായ കുട്ടികൾക്ക് യാത്ര സുഗമമാക്കാൻ സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് സൈക്കിളുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിലെയും ആദിവാസി ഊരുകളിലെയും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മമ്മൂട്ടിയുടെ സഹചാരിയായ എസ് ജോർജാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
സംസ്ഥാനത്തൊട്ടാകെയുള്ള തീരപ്രദേശങ്ങളിലെയും ആദിവാസി ഊരുകളിലെയും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ കുട്ടികൾക്കാണ് കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പുമായി സഹകരിച്ചുള്ള ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും മുഖ്യ രക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് സൈക്കിൾ വിതരണം. ആലപ്പുഴയിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ സംഘടിപ്പിച്ചത്. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതനമായ ഒരു പദ്ധതിയാണ് നിർധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം.