കൊച്ചി : ഷമ്മി തിലകനെതിരെ അടുത്ത അമ്മ എക്സിക്യൂട്ടീവിൽ നടപടിയുണ്ടാകുമെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജ് പറഞ്ഞു. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
സംഘടന യോഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയുണ്ടാകുക. അമ്മയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമ്പത് ചോദ്യങ്ങൾ അടങ്ങിയ കത്ത് ഗണേഷ് കുമാർ മോഹൻലാലിന് നൽകിയിരുന്നു. അടുത്ത അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ബാബുരാജ് പറഞ്ഞു.
നടൻമാരായ മുകേഷും ഇന്നസെന്‍റും തന്നെ ഭീഷണിപ്പെടുത്തിയതാണ് വിനയന്‍റെ സിനിമ നിരസിക്കാൻ കാരണമെന്ന് നടൻ ഷമ്മി തിലകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.ബി ഗണേഷ് കുമാർ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാർ നടത്തിയ ചില പ്രസ്താവനകൾ അസംബന്ധമാണെന്നും ഷമ്മി തിലകൻ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഗണേഷിന്‍റെ ബന്ധുവായ ഡിവൈ.എസ്.പി തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തെന്നും ഷമ്മി ആരോപിച്ചിരുന്നു.