കോഴിക്കോട്: നിരോധനത്തെ തുടർന്ന് പോലീസും എൻഐഎയും പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരെ നടപടികൾ ആരംഭിച്ചു. മിക്ക ജില്ലകളിലെയും പോപ്പുലർ ഫ്രണ്ടിന്റെയും മറ്റ് നിരോധിത സംഘടനകളുടെയും ഓഫീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നോട്ടീസ് ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിൽ പ്രവേശിക്കുന്നവർക്കെതിരെ യു.എ.പി.എ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് കളക്ടറുടെ ഉത്തരവ് പ്രകാരം വടകര പ്രദേശത്തെ ഓഫീസുകൾ സീൽ ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എൻ.ഐ.എ സംഘം കണ്ടുകെട്ടി. കോഴിക്കോട് നഗരത്തിലെ അഞ്ച് ഓഫീസുകളും വടകരയിലെ നാല് ഓഫീസുകളുമാണ് അടച്ചത്. കോഴിക്കോട് നഗരത്തിലെ ഓഫീസുകൾ സീൽ ചെയ്യാനുള്ള കളക്ടറുടെ ഉത്തരവ് അടുത്ത ദിവസം പുറപ്പെടുവിക്കും. ഇതിന് മുന്നോടിയായി പോലീസ് നോട്ടീസ് ഒട്ടിച്ചതായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എ ശ്രീനിവാസ് പറഞ്ഞു.
എറണാകുളം ജില്ലയില്‍ ഇതുവരെ മൂന്ന് ഓഫീസുകളാണ് പോലീസ് പൂട്ടി നോട്ടീസ് പതിച്ചത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ പെരിയാര്‍ വാലി ട്രസ്റ്റ് കാമ്പസ്, പെരുമ്പാവൂരില്‍ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരിയില്‍ കടവില്‍ ടവേഴ്സിലെ ആദ്യ നിലയിലെ മൂന്നു മുറികള്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഏരിയ ഓഫീസ് എന്നിവിടങ്ങളില്‍ പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അക്കാര്യം ജില്ലാ കളക്ടറെ അറിയിക്കും. അടുത്ത നടപടിയായി ജില്ലാ കളക്ടര്‍ എ-2 വിജ്ഞാപനം പുറത്തിറക്കും. ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ഇവിടങ്ങളിലെത്തി ഓഫീസും കെട്ടിടവും അതിലെ വസ്തുവകകളും ഏറ്റെടുത്ത് സീല്‍ വെക്കുകയും ചെയ്യും.