ടോക്യോ: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള അതൃപ്തിയാണ് കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമി പോലീസിനോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ഒരു രാഷ്ട്രീയ പൊതുപരിപാടിക്കിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. രണ്ട് തവണ വെടിയേറ്റ ആബെ ചികിത്സയ്ക്കിടെ മരിച്ചു.
ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിലെ മുൻ അംഗമായ ടെറ്റ്സുയ യമഗാമി (41) ആണ് ആബെയെ ആക്രമിച്ചത്. സ്വയം നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നരാ പട്ടണത്തിലെ ഒരു റെയിൽവേ സ്റ്റേഷന് പുറത്ത് നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു ആബെ.
ആക്രമണത്തെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയ കിഷിദ ശക്തമായി അപലപിച്ചു. രാഷ്ട്രീയമായി ബന്ധപ്പെട്ട ആക്രമണങ്ങൾ പൊതുവെ കുറവായതിനാലും തോക്കുകൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുള്ളതിനാലും കൊലപാതകങ്ങൾ ലോകമെമ്പാടും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.