ടെക്‌സാസ്: ശനിയാഴ്ച ഡാലസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. ആറ് പേരെങ്കിലും വിമാനങ്ങളിൽ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായുമാണ് റിപ്പോർട്ടുകൾ.
അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലോക്കൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയർ അറിയിച്ചു. അതേ സമയം അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കാര്യമോ, മരിച്ചവരുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോർട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.