തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്.സി മലയാളം പരീക്ഷയിലെ 48 ശതമാനം ചോദ്യങ്ങളും പഴയ സിലബസിലേത്. അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും 2020 ലെ ചോദ്യപ്പേപ്പറിലേതും. ഉപന്യാസത്തിന് നൽകിയ നാലു ചോദ്യങ്ങളിൽ ഒന്നൊഴികെ മൂന്നും പഠിക്കാനില്ലാത്ത പാഠത്തിലേതാണ്. 2 ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഉപന്യാസം എഴുതേണ്ടിയിരുന്നതെങ്കിലും സിലബസിൽ നിന്ന് ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2019ന് മുൻപുള്ള പഴയ സിലബസിലെ ചോദ്യങ്ങൾ കണ്ടപ്പോൾ പല വിദ്യാർത്ഥികളും വിയർത്തു. പഠിച്ചിട്ടില്ലാത്ത പാഠത്തിൽ നിന്ന് എങ്ങനെ പരീക്ഷ എഴുതും എന്ന ചോദ്യത്തിനും അധ്യാപകർക്ക് ഉത്തരമില്ലായിരുന്നു. അരലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ചോദ്യകർത്താവ് മുദ്ര വച്ച കവറിൽ നൽകിയ ചോദ്യങ്ങൾ ഉപയോഗിച്ച് പതിവു പോലെ ചോദ്യപ്പേപ്പർ തയാറാക്കി പരീക്ഷ നടത്തിയ അധികൃതർ പലരും വിളിച്ചറിയച്ചപ്പോഴാണ് കാര്യം അറിഞ്ഞത്.
ഇക്കാര്യം പരീക്ഷാ ബോർഡ് ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ ഡോ ഡി.പി. ഡോഡ്വിൻ സാംരാജ് പറഞ്ഞു. മാർക്ക് പുനഃക്രമീകരിക്കണമോ അതോ പരീക്ഷ റദ്ദാക്കണമോ എന്ന് ചെയർമാന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കും.