ദോഹ: സൗദി പൗരനായ അബ്ദുല്ല അൽ സലാമി ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി. ഈ മാസം 9 നാണ് അൽ സലാമി ജിദ്ദയിൽ നിന്ന് യാത്ര ആരംഭിച്ചത്. 1,600 കിലോമീറ്റർ താണ്ടി സൗദിയിലെ സൽവ ബോർഡർ ക്രോസിങ്ങിലൂടെ വേണം ഖത്തറിന്റെ അബു സമ്ര കര അതിർത്തിയിലേക്ക് എത്താൻ. തന്‍റെ യാത്രാനുഭവങ്ങളും ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അടുത്ത 60 ദിവസത്തിനുള്ളിൽ അദ്ദേഹം ദോഹയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. നവംബർ 22ന് ഉച്ചക്ക് ഒരു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്‍റീനയും തമ്മിലുള്ള ആദ്യ മത്സരം നടക്കും. ഫിഫ ലോകകപ്പ് കാണാൻ നടക്കുന്ന രണ്ടാമൻ ആണ് അൽ സലാമി. സാഹസികനായ സാന്‍റിയാഗോ സാഞ്ചസ് കോഗിഡോയാണ് ഒന്നാമൻ. സാന്‍റിയാഗോ നടക്കാൻ തുടങ്ങിയിട്ട് 8 മാസത്തിലേറെയായി. അടുത്തിടെയാണ് അദ്ദേഹം ഇറാഖിലെത്തിയത്.