Spread the love

ബെയ്ജിങ്: വർഷങ്ങളായി മൂത്രത്തിൽ രക്തം കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ച യുവാവിന്‍റെ ശരീരത്തിൽ ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. യുവാവിന് വർഷങ്ങളായി ഇടയ്ക്കിടെ വയറുവേദന ഉണ്ടായിരുന്നു. കൂടാതെ, മൂത്രത്തിൽ രക്തത്തിന്‍റെ അംശങ്ങളും കണ്ടെത്തി. വയറുവേദന മൂർച്ഛിച്ചതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ ക്രോമസോം പരിശോധനയിലാണ് 33 കാരനായ പുരുഷൻ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്.

നേരത്തെ, ക്രമരഹിതമായി മൂത്രം പോവുന്നതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നീട്, മൂത്രത്തിലൂടെ നിരന്തരം രക്തസ്രാവം അനുഭവപ്പെടുകയും വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. വയറുവേദന തുടർച്ചയായി നാലുമണിക്കൂർ നീണ്ടുനിന്നപ്പോൾ ഡോക്ടറെ സമീപിച്ചപ്പോൾ അപ്പെന്റിസൈറ്റിസ് ഉണ്ടെന്ന് പറയുകയും ചികിത്സ തേടുകയും ചെയ്തു. എന്നാൽ മരുന്ന് കഴിച്ച ശേഷവും യുവാവിന് വീണ്ടും രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു.

കൂടുതൽ പരിശോധനകൾക്ക് ശേഷം യുവാവിന് സ്ത്രീ ക്രോമസോം ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് വിദഗ്ധ പരിശോധനയിൽ യുവാവിന് അണ്ഡാശയവും ഗർഭപാത്രവും ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, പുരുഷൻമാരുടെ ഹോർമോണായ ആൻഡ്രോജന്‍റെ അളവും ചെറുപ്പക്കാരനിൽ വളരെ കുറവായിരുന്നു. ഇതോടെയാണ് ആൺ-പെൺ പ്രത്യുത്പാദന അവയവങ്ങളുമായാണ് യുവാവ് ജനിച്ചതെന്ന് മനസിലായത്. ആർത്തവ സമയത്താണ് യുവാവിന് മൂത്രത്തിൽ രക്തത്തിന്‍റെ അംശം കാണുന്നതെന്നും, വയറുവേദന അനുഭവപ്പെടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

By newsten