ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നൽകുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സൂറത്തിൽ നടന്ന പൊതുപരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഈ മാസം കെജ്രിവാളിന്റെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്. ഡിസംബറിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 മണിക്കൂറും വൈദ്യുതി വിതരണം തടസ്സപ്പെടാതെ നടപ്പാക്കുമെന്ന് കെജ്രിവാൾ ഗുജറാത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി. “ഞാൻ ഉറപ്പു തരുന്നു. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ എഎപിക്ക് വോട്ട് ചെയ്യേണ്ടതില്ല. അധികാരത്തിലെത്തിയാൽ എഎപി എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കും,” കെജ്രിവാൾ പറഞ്ഞു. 27 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ട്. ഭരണത്തിൽ മടുത്ത ഗുജറാത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ഗുജറാത്തിനായി എഎപിയുടെ അജണ്ട പങ്കിടുമെന്നും കെജ്രിവാൾ പറഞ്ഞു.