മലപ്പുറം: അവയവദാനത്തിന്‍റെയും ശരീരദാനത്തിന്‍റെയും മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും പകർന്നു നൽകുകയാണ് ഒരു ഗ്രാമം.മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയെന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീട്ടുകാരും അവയവദാനത്തിനും,ശരീര ദാനത്തിനും തയ്യാറായി മാതൃകയായിരിക്കുകയാണ്.ഇതിനോടകം തന്നെ 260 ഓളം പേരാണ് അവയവദാനത്തിന് സമ്മതം നൽകികഴിഞ്ഞിരിക്കുന്നത്.മരണശേഷം പഠനാവശ്യങ്ങൾക്കായി ശരീരം വിട്ടു നൽകാൻ 52 പേരും സന്നദ്ധരായി.
ഇതുവരെ അഞ്ചുപേർ ശരീരദാനവും അഞ്ചുപേർ നേത്രദാനവും നടത്തി. 2013ൽ ഗ്രാമത്തിൽ നടന്ന ചർച്ചയിലൂടെയാണ് അവയവദാനം എന്ന മഹത്തായ ആശയം ഉയർന്നത്. തുടർന്ന് നാട്ടുകാരായ ടി.ശ്രീധരന്‍റെയും, ഇ.എ ജലീലിന്‍റെയും നേതൃത്വത്തിൽ ‘പുനർജ്ജനി സാന്ത്വന വേദി’എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയും രൂപം കൊണ്ടു.
അവയവ-ശരീര ദാനത്തിന്റെ പ്രസക്തി മറ്റുള്ളവരെ മനസ്സിലാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും പിൻമാറാൻ അവർ കൂട്ടാക്കിയില്ല.ഒരു വർഷം തുടർച്ചയായി നടന്ന ബോധവൽക്കരണ ക്യാമ്പയിനുകളുടെ ഫലമായി 2014 ജനുവരി 4ന്, 26പേരാണ് മരണാനന്തരം മൃതദേഹങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്നറിയിച്ചുകൊണ്ട് മുന്നോട്ടു വന്നത്.ഏറ്റവും മികച്ച തുടക്കമായിരുന്നു അത്.ഈ സന്ദേശമുൾകൊണ്ട് നിരവധി വീടുകളിൽ നിന്നും ആളുകളെത്തിതുടങ്ങി. മാനുഷികമൂല്യങ്ങൾക്ക് മുന്നിൽ അന്ധവിശ്വാസങ്ങൾ ഇല്ലാതാവുകയായിരുന്നു.വിവിധ ജാതി മത വിശ്വാസികളും പദ്ധതിയുടെ ഭാഗമായി.ചെറാട്ടുകുഴി പഞ്ചായത്ത് പകർന്ന സന്ദേശമുൾകൊണ്ട് സമീപഗ്രാമത്തിൽ നിന്നുപോലും ആളുകളെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.