ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബിജെപി നടത്തിയിരുന്നു.
ഏകീകൃത സിവില്‍കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലടക്കം എട്ട് ലക്ഷം തൊഴില്‍, മലയോര സംസ്ഥാനമായ ഹിമാചലില്‍ എല്ലാ ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതിന് കാലവസ്ഥയ്ക്ക് അനുയോജ്യമായ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം, ഒമ്പത് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി, ആത്മീയ ടൂറിസം മേഖല വികസിപ്പിക്കല്‍, അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍, മൊബൈല്‍ ക്ലിനിക് വാഹനങ്ങള്‍ ഇരട്ടിപ്പിക്കല്‍, യുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി 900 കോടി തുടങ്ങിയ വാഗ്ദാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.