Spread the love

മലപ്പുറം: വിരമിക്കും വരെ പഠിപ്പിക്കുക, ഒപ്പം സ്വയം പഠിച്ചു കൊണ്ടേയിരിക്കുക. അധ്യാപക ജീവിതം കൂടുതൽ മനോഹരമാകുന്നത് ഇങ്ങനെയാണ്. 2005 ൽ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച ടി വി അബ്ദുറഹ്മാൻകുട്ടി മാഷ് പിന്നീടുള്ള സമയമത്രയും പൊന്നാനിയുടെ ചരിത്രം പഠിക്കാനാണ് വിനിയോഗിച്ചത്.

ചരിത്രമുറങ്ങുന്ന പൊന്നാനി, മലബാറിലെ മക്ക, പൊന്നാനി : പൈതൃകവും നവോത്ഥാനവും, പൊന്നാനിപ്പാട്ടുകൾ, ഗുരുവായൂർ സത്യാഗ്രഹം: ഒരു പുനർവായന എന്നിങ്ങനെ ഒരു ദേശത്തിന്റെ ചരിത്രം പേറുന്ന ഗ്രന്ഥങ്ങൾ ഇതിനകം അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചു. പൊന്നാനിയിലെ പത്തേമാരികളെക്കുറിച്ച് പുസ്തകമെഴുതാനുള്ള പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ.

ഒരുകാലത്ത് പൊന്നാനിക്കാർക്ക് നൂറോളം പത്തേമാരികളുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. തന്റെ 74ആം വയസ്സിലും, പത്തേമാരി തൊഴിലാളികളെ നേരിട്ട് കണ്ട് കാര്യങ്ങൾ മനസിലാക്കി ഗ്രന്ഥം മെച്ചപ്പെടുത്താനാണ് മാഷ് ശ്രമിക്കുന്നത്.

ഫാറൂഖ് കോളേജിലെ മുൻ സാമ്പത്തിക ശാസ്ത്ര മേധാവിയും, ചന്ദ്രികയുടെ എഡിറ്ററുമായിരുന്ന പ്രൊഫ.കെ വി അബ്ദുറഹ്‌മാനാണ് ചരിത്രരചനയിലേക്കുള്ള മാഷിന്റെ വഴികാട്ടി.

19ആം വയസ്സിൽ പട്ടാമ്പി മുതുതല വിവേകോദയം സ്കൂളിൽ അറബി അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2005 ൽ പൊന്നാനി ടിഐ യുപി സ്കൂളിൽ നിന്നാണ് വിരമിക്കുന്നത്. 17 വർഷത്തോളം പൊന്നാനി നഗരസഭാ കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

By newsten