തൊടുപുഴ: സോസൈറ്റിക്കുടിയിലെ ഗവൺമെന്‍റ് ട്രൈബൽ എൽ.പി സ്കൂൾ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയമാണ്.എന്നാൽ ഈ സ്കൂളിലേക്ക് ജോലിക്കെത്താൻ അധ്യാപകരാരും തന്നെ മുന്നോട്ടു വരാറില്ല.
പരിമിതമായ സൗകര്യങ്ങൾ, യാത്രാബുദ്ധിമുട്ടുകൾ ജോലിലിസ്ഥലത്ത് നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ എന്നിവയെല്ലാമാണ് ഇടമലക്കുടിയിൽ അധ്യാപകരെത്താതിന്റെ പ്രധാന കാരണങ്ങൾ. ആദ്യമായി നിയമിതരാവുന്നവരും,കുടിയിൽ നിന്നുള്ള അധ്യാപകരും മാത്രമാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ ഇടമലക്കുടി സ്കൂളിൽ അധ്യാപക തസ്തിക ചോദിച്ച് വാങ്ങി വെള്ളത്തൂവൽ ശല്യാംപാറ സി.എ.ഷെമീർ മാതൃകയായിരിക്കുകയാണ്. കേരളപ്പിറവി ദിനത്തിലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്.
അടുത്തുള്ള പട്ടണമായ മൂന്നാറിൽ നിന്ന് വനപാതയിലൂടെ അഞ്ച് മണിക്കൂർ ജീപ്പിൽ യാത്ര ചെയ്താൽ മാത്രമേ ഇടമലക്കുടി ഗ്രാമത്തിലെത്താൻ സാധിക്കൂ. മഴ പെയ്താൽ നടക്കുകയെന്നല്ലാതെ സ്കൂളിലെത്താൻ മറ്റ് മാർഗങ്ങളുമില്ല. പുറത്തു നിന്നെത്തുന്ന അധ്യാപകർ താമസിക്കുന്നത് സ്കൂളിൽ തന്നെയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഗ്രാമത്തിൽ അധ്യാപകനാകാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണ്.