ദുബായിൽ കോടിക്കണക്കിന് രൂപയുടെ മോഷണശ്രമം തടഞ്ഞ പ്രവാസിക്ക് പോലീസിന്റെ അഭിനന്ദനം. ഇന്ത്യൻ പൗരനായ കേശുർ കാരയാണ് കഴിഞ്ഞ ദിവസം നൈഫിൽ വച്ച് മോഷ്ടാവിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്.കേശുറിന്റെ ജോലി സ്ഥലത്ത് നേരിട്ടത്തി സഹപ്രവർത്തകരുടെ മുന്നിൽ വച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ആദരം.
വിവിധ രാജ്യങ്ങളുടെ 42 ലക്ഷത്തിലധികം മൂല്യം വരുന്ന കറൻസികൾ കൈവശം വച്ചിരുന്ന രണ്ട് പ്രവാസികളെയാണ് നൈഫിലെത്തിയ മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. അവരിലൊരാൾ പ്രവാസികളെ പിന്തുടർന്ന് ഒരു ബാഗ് തട്ടിയെടുത്തു. 27,57,158 ദിർഹം അതായത് 6.1കോടിയിലധികം ഇന്ത്യൻ തുക ബാഗിൽ ഉണ്ടായിരുന്നു. നൈഫിലെ ജോലിസ്ഥലത്തുണ്ടായിരുന്ന കേശുർ പ്രവാസികൾ ബഹളമുണ്ടാക്കിയത് കേട്ട് സ്ഥലത്തെത്തുമ്പോൾ തന്റെ നേർക്ക് പാഞ്ഞടുക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിടുകയും,നിലത്തേക്ക് തള്ളിയിട്ട് കീഴ്പ്പെടുത്തുകയും ചെയ്ത അദ്ദേഹം പൊലീസ് പട്രോൾ സംഘമെത്തുന്നത് വരെ അവരെ തടഞ്ഞു വക്കുകയും ചെയ്തു.
ദുബായ് പോലീസ് ക്രിമിനൽ ഇൻവിസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫായ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടറും ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കൗൺസിൽ മേധാവിയുമായ മേജർ ജനറൽ ഡോ.ആദിൽ അൽ സുവൈദി, നൈഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ ഡോ. താരിഖ് തഹ്ലഖ്, ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സുറൂർ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് കേശുറിനെ അഭിനന്ദിച്ചത്.