തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഗെയിംസും നടത്തും.
ലോകോത്തര നിലവാരമുള്ള അക്കാദമികളെയും കായികതാരങ്ങളെയും സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ സ്പോർട്സ് കേരള എലൈറ്റ് അക്കാദമി സ്ഥാപിക്കും. ഗോൾഫ്, ബില്യാർഡ്സ്, സ്നൂക്കർ, സ്ക്വാഷ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ കായിക ഇനങ്ങളെ ഉയർന്ന മെഡൽ സാധ്യതകൾ, ജനപ്രിയ സ്പോർട്സ്, ഒളിമ്പിക് സ്പോർട്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഫുട്ബോൾ, അത്ലറ്റിക്സ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്‍റൺ, നീന്തൽ എന്നിവയാണ് ഏറ്റവും കൂടുതൽ മെഡൽ സാധ്യതയുള്ള ഇനങ്ങൾ. ക്രിക്കറ്റ്, ഫുട്ബോൾ, അത്ലറ്റിക്സ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്‍റൺ, നീന്തൽ, സൈക്ലിംഗ് എന്നിവ ജനപ്രിയ കായിക ഇനങ്ങളായി കണക്കാക്കപ്പെടുന്നു.