പ്രാണന് മുന്നിൽ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ് കിടന്ന അണ്ണാന് കൃത്രിമശ്വാസം നൽകി മരണത്തിൽ നിന്ന് രക്ഷിച്ച് ഈ വാക്കുകൾ ഓർമ്മപ്പെടുത്തുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ.
ഇലക്ട്രിക് ലൈനിലേക്ക് വീണ് കിടന്ന മരക്കൊമ്പ് മുറിച്ച് മാറ്റുന്നതിനായി ലൈൻ ഓഫ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് അവർ അണ്ണാനെ കണ്ടത്. ഷോക്കേറ്റ് വീണതാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ സമയം കളയാതെ സി.പി.ആർ നൽകുകയായിരുന്നു.
കെ.എസ്.ഇ.ബി. ശൂരനാട് സെക്ഷനിലെ ലൈൻമാൻമാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് നിവാസി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി.ബിജു, പതാരം സ്വദേശിയായ ഡ്രൈവർ രഘു എന്നിവരാണ് അണ്ണാനെ രക്ഷിക്കാൻ മുൻകൈ എടുത്തത്. സി.പി.ആർ നൽകുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.