കാസർകോട്: തെരുവ് നായ ഭീതിയിൽ കേരളം വിറക്കുമ്പോൾ, വർഷങ്ങളായി സ്വന്തം വീട്ടിൽ തെരുവ് നായകൾക്ക് അഭയമേകുന്ന ഒരമ്മയും മകളും ജനശ്രദ്ധ നേടുകയാണ്.
കാസർകോട് പനത്തടി കോളിച്ചാൽ സ്വദേശി കമ്മാടത്തുവും, മകൾ കാർത്യായനിയുമാണ് വർഷങ്ങൾ ഏറെയായി നാട്ടുകാരുടെ എതിർപ്പിനെ കാര്യമാക്കാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായകൾക്ക് അഭയവും ഭക്ഷണവും നൽകുന്നത്.
അൻപത്തിയാറുകാരിയായ കാർത്യായനി ഓർമ്മ വച്ച കാലം മുതൽ വീട്ടിൽ നായകളുണ്ട്. കാർത്യായനി വളരുന്നതോടൊപ്പം നായകളുടെ എണ്ണവും, നാട്ടുകാരുടെ എതിർപ്പും ഉയർന്നു വന്നു. 11 നായകളുണ്ടായിരുന്ന വീട്ടിൽ ഇപ്പോൾ ആറ് നായകൾ മാത്രമാണ് അവശേഷിക്കുന്നത്.
തനിക്ക് ഇന്ന് വരെ നായകളിൽ നിന്ന് അപകടമുണ്ടായിട്ടില്ലെന്നും, നായകളെ ഉപദ്രവിക്കുന്നവരോട് വെറുപ്പാണെന്നും കാർത്യായനി പറയുന്നു. വളർത്തു നായകൾക്ക് ലൈസൻസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.