ഹോങ്കോങ്: ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണ ചൈനാ കടലിൽ കപ്പൽ മറിഞ്ഞ് കാണാതായ 27 ജീവനക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഹോങ്കോങ്ങിൽ നിന്ന് 160 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി ഉണ്ടായ അപകടത്തെ തുടർന്ന് ശനിയാഴ്ചയാണ് കപ്പൽ പൂർണമായും കടലിൽ മുങ്ങിയത്. ഹോങ്കോംഗ് സർക്കാരിന്‍റെ ഫ്ലൈയിംഗ് സർവീസ് പുറത്തുവിട്ട രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ ഫൂട്ടേജുകളിൽ കപ്പൽ മുങ്ങുന്നതായി കാണിക്കുന്നു.
30 ജീവനക്കാരുണ്ടായിരുന്ന കപ്പൽ പാതിയോളം മുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. പത്തു മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ഉയർന്നതിനാൽ, കാണാതായവർ ഒഴുകിപ്പോയിട്ടുണ്ടാകുമെന്നു രക്ഷപ്പെട്ടവർ പറയുന്നു. കനത്ത കാറ്റ് രക്ഷാപ്രവർത്തനത്തിനു തടസ്സമായതായി അധികൃതർ അറിയിച്ചു