ഗുരുതരമായ അസുഖങ്ങളൊന്നുമില്ലാത്ത ഒരു മധ്യവയസ്സോ,വാർദ്ധക്യമോ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കൃത്യമായ വ്യായാമവും പോഷകാഹാര ശീലവുമാണ് അത് നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാർഗം. പ്രായം കൂടുന്തോറും നമ്മെ കൂടുതൽ ഊർജ്ജസ്വലരും ആരോഗ്യമുള്ളവരുമാക്കി മാറ്റുന്ന ശീലങ്ങളിലേക്ക് മാറേണ്ടതും അനിവാര്യമാണ്.അടുത്തിടെ 56 കാരിയായ ചെന്നൈ സ്വദേശിനി താൻ എപ്രകാരമാണ് രോഗങ്ങളെ പ്രതിരോധിക്കുന്നതെന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഹ്യൂമൻസ് ഓഫ് മദ്രാസും, മദ്രാസ് ബാർബെലും അടുത്തിടെ പങ്കുവച്ച വീഡിയോയിൽ, 56 കാരിയായ ഒരു സ്ത്രീ ജിമ്മിൽ ഭാരം ഉയർത്തുന്നതും മറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതും കാണാം. സാരി ധരിച്ചാണ് ഇവർ ജിമ്മിലെത്തുന്നതും, വ്യായാമം ചെയ്യുന്നതും എന്നതാണ് ഏറ്റവും രസകരമായ കാര്യം. തന്റെ മരുമകളോടൊപ്പമാണ് അവർ നിത്യേന ജിമ്മിലെത്തുന്നത്.
52 ആമത്തെ വയസ്സിൽ മുട്ടുവേദനയാൽ വലഞ്ഞ അവർ മകന്റെ നിർദേശപ്രകാരമാണ് ജിമ്മിലെത്തുന്നത്. ചിട്ടയായ വ്യായാമത്തിലൂടെ വേദനയുമകന്നു. നാം എന്തെങ്കിലും പോസിറ്റീവായി ചെയ്യാനാഗ്രഹിച്ചാൽ പ്രായവും, വസ്ത്രവുമൊന്നും ഒരു തടസ്സമേയല്ലെന്നാണ് അവർ പറയുന്നത്. 1.1 മില്ല്യൺ കാഴ്ചക്കാരും 72000 ലൈക്കുകളുമായി വീഡിയോ ഇപ്പോഴും വൈറലാണ്.