മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക സംഘങ്ങൾക്കും യന്ത്രോപകരണങ്ങളും മറ്റും സബ്സിഡിയായി നൽകുന്ന കേന്ദ്രാവിഷ്കൃത സ്മാം (സബ് മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ ) പദ്ധതിയുടെ സഹകരണത്തോടെയാണ് പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ വഴി വളവും കീടനാശിനിയും പ്രയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.
ആയവന സിദ്ദൻപടിയിൽ മലേക്കുടി ജോർജ് ജേക്കബിന്റെ പൈനാപ്പിൾ തോട്ടത്തിലാണ് ഡ്രോൺ വഴിയുള്ള വളമിടൽ പരീക്ഷണം ആദ്യം നടക്കുക. പൈനാപ്പിൾ ചെടി വളരാൻ ആവശ്യമുള്ള വളം വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്ന വള പ്രയോഗമാണ് ഡ്രോൺ ഉപയോഗിച്ച് ചെയ്യുക. ഒരേക്കർ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷണം വിജയമായാൽ സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ കർഷകർക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ സബ്സിഡിയിൽ ലഭ്യമാക്കും.
പൈനാപ്പിൾ തോട്ടങ്ങളിൽ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന വള പ്രയോഗത്തിനായി നിലവിൽ അതിഥിത്തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്തും തിരഞ്ഞെടുപ്പു കാലത്തുമൊക്കെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയപ്പോൾ ഹെക്ടർ കണക്കിന് തോട്ടങ്ങളിലെ പൈനാപ്പിൾ കൃഷി വളപ്രയോഗം നടത്താനും വിളവെടുക്കാനും സാധിക്കാനാവാത്തത് മൂലം നശിച്ചു പോയിരുന്നു. ഇതിന് ഒരു പരിധിവരെ ഡ്രോണുകളുടെ വരവ് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഒരേക്കർ പൈനാപ്പിൾ തോട്ടത്തിൽ ഡ്രോൺ ഉപയോഗിച്ചു വള പ്രയോഗം നടത്താൻ 700 രൂപയാണ് ചെലവു കണക്കാക്കുന്നത്. 8000 രൂപയിലേറെ പണിക്കൂലി വരാവുന്ന ജോലിയാണിത്.