തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചതിന് പിന്നാലെയാണ് പരാതി. അതേസമയം, മേയർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവമോർച്ച പ്രവർത്തകരും ഓഫീസിൽ പ്രവേശിച്ചു.
മേയർ ഒപ്പിട്ട കത്തിൽ എങ്ങനെ അപേക്ഷിക്കണം, അവസാന തീയതി എന്നിവയും അടങ്ങിയിരിക്കുന്നു. എന്നാൽ ആനാവൂർ നാഗപ്പന് കത്തയച്ചെന്ന് പറയുന്ന ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് മേയറുടെ പ്രതികരണം. മേയർ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പ്രതികരിച്ചിരുന്നു.