വിമാനത്തിനുള്ളിലെ ആക്രമണത്തിന് ശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന്‍. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നതിൽ ഒപ്പിടുന്നവർ മാത്രമായി കേരള പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ പൂർണ്ണമായും സർക്കാരിന്റെ കളിപ്പാവകളായി മാറിയിരിക്കുന്നു. സംഭവത്തിൽ ഏറ്റവും വലിയ പ്രതി ഇ.പി ജയരാജനാണെന്നും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശബരിനാഥന്‍ പറഞ്ഞു.
വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ചോർന്നതുമായി ബന്ധപ്പെട്ട് തന്‍റെ പരാതി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശബരിനാഥന്‍ പറഞ്ഞു. പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകി. വിഷയം ഗൗരവമായി എടുക്കുന്നു. അത് ഇടതുപക്ഷത്തിന് വളംവച്ച് കൊടുക്കുന്ന നടപടിയായിപ്പോയി. ഉത്തരവാദികളായവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.എസ് ശബരിനാഥന്‍ പറഞ്ഞു.
പ്രതിഷേധക്കാരെ വിമാനത്തിൽ തള്ളിയിട്ടതിന് ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഗണ്മാനും, പേഴ്സണൽ സ്റ്റാഫിനും, ഇ പി ജയരാജനുമെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. സമരക്കേസിലെ പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ഹർജി നൽകിയത്.