ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കളിമൺ പാത്രങ്ങൾക്കുള്ളിൽ നിന്ന് 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലെ ഒരു സൈറ്റിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് പ്രശസ്തമായ റോസെറ്റ സ്റ്റോണിൽ കണ്ടെത്തിയ പുരാതന ഈജിപ്ഷ്യൻ എഴുത്തുരൂപമായ ഡെമോട്ടിക് ലിപിയാൽ അലങ്കരിച്ച പുരാതന കളിമൺ പാത്രങ്ങൾക്കുള്ളിൽ 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത്.
സഖാര നെക്രോപോളിസിൽ നടത്തിയ ഖനനത്തിനിടെയാണ് ചീസ് കണ്ടെത്തിയത്. ഈ സ്ഥലം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് എന്നാണ് ഈജിപ്ഷ്യൻ വിനോദസഞ്ചാര, പുരാവസ്തു മന്ത്രാലയം പറയുന്നത്. വിവിധ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങളും ശവകുടീരങ്ങളും, ആറാം ഫറോണിക് രാജവംശത്തിലെ ക്ഷേത്രങ്ങളും, നിരവധി മൃഗ പ്രതിമകളും, 32 അടി നീളമുള്ള രണ്ട് പാപ്പൈറികളും ഇവിടെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
മരണാനന്തര ജീവിതത്തിൽ അനുഗമിക്കുന്നതിനുള്ള വഴിപാടുകളായി പുരാതന ശവകുടീരങ്ങളിൽ നിരവധി അമൂല്യ വസ്തുക്കൾ ഉപേക്ഷിച്ചതായി സഖാറ പുരാവസ്തു മേഖലയുടെ ഡയറക്ടർ മുഹമ്മദ് യൂസഫ് ഒയാൻ വിശദീകരിച്ചു. ഇത്തരത്തിൽ നിക്ഷേപിച്ച വസ്തുക്കളുടെ കൂട്ടത്തിലാണ് ചീസ് ഉണ്ടായിരുന്നത്.