ഹൈദരാബാദ്: കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷം അവതരിപ്പിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു സെൻസേഷനായി മാറി. ഇതിനിടെയാണ് കാന്താരയെക്കുറിച്ചുള്ള സംവിധായകൻ എസ് എസ് രാജമൗലിയുടെ കമന്റ് പുറത്ത് വന്നിരിക്കുന്നത്.
“ബിഗ് ബഡ്ജറ്റുകൾ എന്തോ വലിയ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്കുകൾ നോക്കുക. അതിനർത്ഥം വലിയ വിജയം നേടാൻ ബിഗ് ബജറ്റ് സിനിമകളുടെ ആവശ്യമില്ല എന്നാണ്. കാന്താര പോലൊരു ചെറിയ സിനിമയ്ക്ക് പോലും അത് ചെയ്യാൻ കഴിയും,” രാജമൗലി പറഞ്ഞു.
“ഒരു പ്രേക്ഷകനെന്ന നിലയിൽ ഇത് ആവേശകരമാണ്. പക്ഷേ ഒരു ചലച്ചിത്ര സംവിധായകനെന്ന നിലയിൽ, നമ്മൾ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.