Spread the love

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. മലയാളത്തിലെ നിത്യഹരിത ഹിറ്റായ മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്നില്ല. പകരം രാഘവ ലോറൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബോളിവുഡ് താരം കങ്കണ റണാവത്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററിൽ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെയാണ് ആരംഭിച്ചത്. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വടിവേലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം എം കീരവാണി സംഗീതവും ആർ ഡി രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. കലാസംവിധാനം തോട്ട തരണിയാണ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ലോറൻസ് രജനീകാന്തിനെ കണ്ട് അനുഗ്രഹം തേടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അദ്ദേഹം ആരാധകരെ അറിയിക്കുകയും ചെയ്തു.

ഫാസിലിന്‍റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് പ്രധാന ഇന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളിലേക്കെല്ലാം റീമേക്ക് ചെയ്തിരുന്നു. രജനീകാന്തിനെ നായകനാക്കി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി ചിത്രത്തിൻ്റെ കന്നഡ റീമേക്കായ ആപ്തമിത്രയുടെ ഔദ്യോഗിക റീമേക്കായിരുന്നു. ആപ്തമിത്ര സംവിധാനം ചെയ്ത പി വാസുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. 

By newsten