കൊച്ചി: ജാതി അധിക്ഷേപം നടത്തിയെന്ന ട്വന്‍റി ട്വന്‍റി നേതാക്കൾക്കെതിരായ കുന്നത്തുനാട് എംഎൽഎ ശ്രീനിജന്‍റെ പരാതിയിൽ പ്രതികരണവുമായി കിറ്റെക്സ് എംഡിയും ട്വന്‍റി ട്വന്‍റി ചെയർമാനുമായ സാബു എം ജേക്കബ്. ശ്രീനിജൻ എം.എൽ.എയെ താൻ പൊതുവേദിയിൽ അപമാനിച്ചിട്ടില്ലെന്ന് സാബു എം.ജേക്കബ് പറഞ്ഞു.
പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് ശ്രീനിജനെ ക്ഷണിച്ചിരുന്നില്ല. ജാതി ബഹിഷ്കരിക്കുകയല്ല, മറിച്ച് ഞങ്ങളെ ഉപദ്രവിക്കുന്നവരെയാണ് ബഹിഷ്ക്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കൃഷിഭവനിൽ നടന്ന പരിപാടിയിൽ നിന്ന് നേതാക്കൾ ഇറങ്ങിപ്പോയത്. ജാതീയ അധിക്ഷേപം നടത്തിയെന്ന കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. പഞ്ചായത്തിൽ സഖാക്കളായ ഉദ്യോഗസ്ഥരെ നിയമിച്ച് സമാന്തര ഭരണം സൃഷ്ടിക്കാനാണ് ശ്രീനിജൻ ശ്രമിക്കുന്നതെന്നും സാബു ആരോപിച്ചു.
കുന്നത്തുനാട് എം.എൽ.എ പി.വി.ശ്രീനിജിൻ നൽകിയ ജാതി അധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പാർട്ടി പ്രസിഡന്‍റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചിങ്ങം ഒന്നിന് കർഷകദിനാഘോഷത്തിനിടെ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ തന്നെ അധിക്ഷേപിച്ചെന്നാണ് എം.എൽ.എയുടെ പരാതി. സാബു എം ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മൂന്ന് മെമ്പർമാർ എന്നിവരാണ് പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ.