കിഴക്കമ്പലം: ട്വന്റി-20 നേതാക്കൾക്കെതിരായ ജാതീയ അധിക്ഷേപക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുക. പരാതിക്കാരനായ പി.വി ശ്രീനിജന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസന്വേഷണം.
കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്റെ പരാതിയിൽ കിഴക്കമ്പലം ട്വന്റി-20 പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെ വേദിയിൽ വച്ച് തന്നെ പരസ്യമായി അപമാനിച്ചതിന് ട്വന്റി 20 നേതൃത്വം തന്നോട് വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി.
ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന സംഭവമാണ് പരാതിയുടെ അടിസ്ഥാനം. കർഷക ദിനത്തിൽ കൃഷിവകുപ്പിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത എം.എൽ.എ വേദിയിലെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രതിഷേധ സൂചകമായി വേദി വിട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ നടന്ന സംഭവം ജാതി വിവേചനമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സദസ്സിൽ പോലും തന്നെ അവഹേളിക്കുന്നത് തുടരുകയാണെന്നും എം.എൽ.എ പരാതിപ്പെട്ടു. തന്നെ വിലക്കണമെന്ന് സാബു എം ജേക്കബ് പരസ്യമായി പ്രഖ്യാപിച്ചിരുന്നതായി ശ്രീനിജൻ പരാതിയിൽ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റും മൂന്ന് അംഗങ്ങളും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റ് പ്രതികളാണ്.