ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരിചയസമ്പന്നരായ ഡോക്ടർമാരാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വൈകുകയോ വിദഗ്ധചികിത്സയിൽ കാലതാമസമോ വന്നിട്ടില്ല. പ്രസവസമയത്ത് കുഞ്ഞ് മരിച്ചിരുന്നു. ഡോ.തങ്കു തോമസ് കോശി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മുതിർന്ന ഡോക്ടർ തങ്കു തോമസ് കോശിക്ക് നിർബന്ധിത അവധി നൽകി.
കൈനകരി സ്വദേശിനിയായ അപർണയെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ലേബർ റൂമിലേക്ക് മാറ്റിയത്. പ്രസവം വൈകിയതോടെയാണ് ശസ്ത്രക്രിയ നടത്തിയത്.