Spread the love

ഷിംല: ഹിമാചൽ പ്രദേശിൽ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ രംഗത്ത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ഇതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കൂടുതൽ സങ്കീർണമാകുകയാണ്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കേന്ദ്രനേതൃത്വമാണ് ഭൂപേഷ് ബാഗൽ ഉൾപ്പെടെയുള്ള സംഘത്തെ ഹിമാചലിലേക്ക് അയച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. നിലവിൽ എംപിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ ഇവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. എന്നാൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യോഗം ചേരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എല്ലാവരും ഒപ്പമുണ്ടെന്നും വിഭാഗീയത ഇല്ലെന്നും പ്രതിഭാ സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ഹൈക്കമാൻഡും സോണിയ ഗാന്ധിയും തന്നെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായി സംസ്ഥാനത്തെ നയിക്കാൻ തനിക്ക് സാധിക്കുമെന്നും പ്രതിഭ പറഞ്ഞു. സുഖ്‌വീന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരും മുഖ്യമന്ത്രിക്കസേര ലക്ഷമിട്ടിരിക്കുന്നവരാണ്. നിലവിൽ സുഖ്‌വീന്ദർ സിങ് സുഖുവിനാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ.

68 അംഗ ഹിമാചല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. 25 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

By newsten