ദോഹ: ഖത്തർ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ സഞ്ചരിച്ച് മലയാളി വനിത. മഹീന്ദ്ര ഥാറിലാണ് നജിറ നൗഷാദ് കണ്ണൂരിൽ നിന്ന് ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചത്.
ട്രാവലറും വ്ലോഗറുമായ നജിറ നൗഷാദ് അർജന്റീനയുടെ കടുത്ത ആരാധികയാണ്. തന്റെ പ്രിയപ്പെട്ട ടീമിന്റെ മത്സരം നേരിട്ട് കാണണമെന്നുള്ള നിശ്ചയദാർഢ്യത്തെ മാനിച്ച് ഖത്തർ നാഷണൽ ബാങ്ക് നജീറയ്ക്കും കുടുംബത്തിനും അർജന്റീനയുടെ ദേശീയ ടീമിന്റെ മത്സരങ്ങളിൽ പങ്കെടുക്കാനും അവസാന 10 മിനിറ്റ് കളിക്കളത്തിലിറങ്ങാനും കളിക്കാനും മത്സര ടിക്കറ്റ് സമ്മാനിച്ചു.
ജന്മനാടായ കണ്ണൂർ തലശേരിയിൽ നിന്ന് ഒക്ടോബർ 15നാണ് നജിറ യാത്ര ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്, കൊച്ചി, കോയമ്പത്തൂർ, സേലം, ബംഗളൂരു, ഹംപി, പൂനെ വഴി മുംബൈയിലേക്കും ഥാർ ഓടിച്ച നജിറ പിന്നീട് വിമാനമാർഗം ഒമാനിലെത്തി. ഒമാനിൽ നിന്ന് ദുബായ് വഴി ഖത്തറിലെത്തുകയും ചെയ്തു.