Spread the love

മ​നാ​മ: കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാൻ മുടി ദാനം ചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മാതൃകയായി.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തൻവി സനക നാഗയാണ് (13)തന്‍റെ 24 ഇഞ്ച് നീളമുള്ള മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്.

മുടി ദാനം ചെയ്തതിൽ സന്തോഷവും,അഭിമാനവുമുണ്ടെന്ന് തൻവി പറഞ്ഞു. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വിഷമങ്ങളും, ബുദ്ധിമുട്ടുകളും മാതാപിതാക്കളിൽ നിന്ന് മനസ്സിലാക്കിയ തൻവി തന്നാൽ കഴിയുന്നവിധം അവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. 2018 മുതൽ ഇതിനായി തൻവി മുടി വളർത്തുന്നുണ്ടായിരുന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു.

ഇന്ത്യൻ പ്രവാസികളായ രാജേഷ് സനക ദശരഥയുടെയും (ഇന്‍റർകോൾ ഡിവിഷൻ മാനേജർ) സ്വാതി സനക നാഗയുടെയും മകളാണ് തൻവി.ഇളയ സഹോദരി സൻവി സനക നാഗ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അദ്ലിയയിലാണ് ചെന്നൈയിൽ നിന്നുള്ള കുടുംബം നിലവിൽ താമസിക്കുന്നത്. സ്കൂൾ ചെയർമാൻ പ്രിൻസ്.എസ്.നടരാജൻ,സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ തൻവിയുടെ നന്മയെ അഭിനന്ദിച്ചു.

By newsten