Spread the love

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, വിജയിച്ച സ്ഥാനാർത്ഥികൾ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്. എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി കടുത്ത പോരാട്ടമുണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർക്കാണ് ഹൈക്കമാൻഡിന്‍റെ ചുമതല നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ലോട്ടസ് തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

സംസ്ഥാനത്തെ പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇന്ന് തന്നെ ഇവർ ഷിംലയിലെത്തുമെന്നാണ് സൂചന.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഭൂരിപക്ഷം 35 സീറ്റുകൾ കടക്കുന്നവർക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാം. കോൺഗ്രസ് 38 സീറ്റിലും ബിജെപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നു. തൂക്കുസഭയ്ക്ക് സാഹചര്യമുണ്ടായാൽ സ്വതന്ത്രരുടെയും വിമതരുടെയും നിലപാട് നിർണ്ണായകമാകും.

By newsten