തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു. “അവർ അവരുടെ അഭിപ്രായം പറയുന്നു. എന്‍റെ മുന്നിൽ വരുമ്പോൾ, നിലപാട് പറയും. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ പെട്ടതാണ്. അതിനാൽ, സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാൻ കഴിയില്ല”, അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചതിനെയും ഗവർണർ സ്വാഗതം ചെയ്തു. മല്ലിക സാരാഭായിക്ക് കലാരംഗത്ത് പാരമ്പര്യമുണ്ട്. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാമെന്ന നിലപാട് യു.ഡി.എഫും സ്വീകരിച്ചു. ചാൻസലർ ബില്ലിനെ യു.ഡി.എഫ് എതിർത്തെങ്കിലും ഗവർണർക്കെതിരായ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗിന്‍റെ നിലപാട് കൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.