കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കേണ്ട സമയത്തിൽ ആണ്-പെണ് വിവേചനം പാടില്ലെന്ന് സർക്കാർ ഉത്തരവ്. ആൺകുട്ടികൾക്കും രാത്രി 9.30ന് ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
ഹോസ്റ്റൽ പ്രവേശന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആൺകുട്ടികൾക്കും ഹോസ്റ്റൽ പ്രവേശന സമയം കർശനമാക്കാൻ ഉത്തരവ്. ഹോസ്റ്റൽ പ്രവേശനത്തിന് സമയപരിധി പാടില്ലെന്ന പെൺകുട്ടികളുടെ ആവശ്യം പരിഗണിക്കുന്നതിനുപകരം ആൺകുട്ടികളുടെ സമയം കൂടി വെട്ടിക്കുറച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം പ്രവേശന സമയത്ത് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ കർശന നിയന്ത്രണങ്ങൾ ബാധകമാകൂ. രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികൾക്ക് യഥാസമയം ഇളവ് നൽകിയിട്ടുണ്ട്. രാത്രി 9.30ന് ശേഷം എത്തുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് രജിസ്റ്ററിൽ ഒപ്പിട്ട് ഹോസ്റ്റലിൽ പ്രവേശിക്കാം. രക്ഷിതാക്കളുടെ മുൻകൂർ അനുമതിയോടെ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആവശ്യത്തിനായി പുറത്തുപോകണമെങ്കിൽ പ്രവേശന സമയത്തിൽ പ്രത്യേക ഇളവ് നൽകുമെന്നും ഉത്തരവിൽ പറയുന്നു.