ന്യൂഡൽഹി: ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം തേടി. കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും പ്രധാനമന്ത്രി ഞങ്ങളെ അനുഗ്രഹിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ വോട്ടർമാർക്ക് കെജ്രിവാൾ നന്ദി പറഞ്ഞു. നിഷേധാത്മകതയല്ല, ക്രിയാത്മക രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും കോൺഗ്രസിന്റെയും സഹകരണം തങ്ങൾ ആഗ്രഹിക്കുന്നുവെന്നും എല്ലാവർക്കും ഡൽഹിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും കെജ്രിവാൾ പറഞ്ഞു.
“സ്കൂളുകളുടെയും ആശുപത്രികളുടെയും ഉന്നമനത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിച്ചു. അഴിമതി തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം ഡൽഹിയിലെ ജനങ്ങൾ നമ്മെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഇപ്പോഴും നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അഹങ്കാരം പല മഹാൻമാരെയും താഴെയിറക്കിയെന്ന് ചരിത്രം പറയുന്നു. ജനങ്ങൾ നിങ്ങളുടെ ധാർഷ്ട്യം ക്ഷമിക്കും. എന്നാൽ ദൈവം ഒരിക്കലും പൊറുക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു.