കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് താൻ എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടാകണം. തുറമുഖം വരുമ്പോൾ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളിൽ സഭയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സഹകരണത്തോടെ മാത്രമേ വിഴിഞ്ഞം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ. ചർച്ചകളിൽ സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി പരിശോധിക്കും. സമരവുമായി ബന്ധപ്പെട്ട കേസുകളിൽ വഴിവിട്ട ഇടപെടൽ ഉണ്ടാകില്ല. വികസനത്തിനെതിരെ നിലകൊള്ളാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.