കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി.
സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിനു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേസ് പരിഗണിക്കുമ്പോൾ സെനറ്റ് അംഗങ്ങൾ ചട്ടങ്ങൾ അനുസരിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, സെനറ്റ് അംഗങ്ങൾക്ക് എങ്ങനെയാണ് ചാൻസലറുടെ നടപടിയെ ചോദ്യം ചെയ്യാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. അവരെ നിയമിച്ചത് ചാൻസലർ ആണെന്ന് വ്യക്തമാക്കാനായിരുന്നു ചോദ്യം. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്.