പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി 5 പഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കേണ്ടി വരും. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഡിസംബർ 31ഓടെ തീരുന്നതിനാലാണ് ഇത്. ഇതിന് മുൻപ് പ്രദേശവാസികള്‍ നിശ്ചിത തുക നല്കി ടോൾ പാസ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നിലവിൽ, പ്രദേശവാസിയാണെന്ന തിരിച്ചറിയൽ രേഖ കാണിച്ചാണ് ഇവിടുത്തുകാർ ടോൾ ഒഴിവാക്കിയിരുന്നത്. മുൻകാലങ്ങളിൽ നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കാനുള്ള ശ്രമം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോഴെല്ലാം ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് നാട്ടുകാരിൽ നിന്നുള്ള ടോൾ പിരിവ് നിർത്തിവെച്ചു.
ടോൾ സെന്ററിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്കി സര്‍വീസ് നടത്തണം.