അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം തുടരുകയാണ്.
തിങ്കളാഴ്ചയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. പ്രസവസമയത്ത് ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പുലർച്ചെ 4 മണിക്ക് ശസ്ത്രക്രിയ അടിയന്തിരമായി ആവശ്യമാണെന്ന് കാണിച്ച് ഒപ്പ് വാങ്ങിയെന്നും അവർ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ഇതെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം പറഞ്ഞു. പ്രസവസമയത്ത്, അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം ഹൃദയമിടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.