ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൾ സലാം വിശദീകരണം നൽകി. പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും ഹൃദയമിടിപ്പ് 20 ശതമാനത്തിൽ താഴെയായിരുന്നു. അമ്മയെ ഉടൻ തന്നെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി. പ്രസവസമയത്ത് ചികിത്സിച്ച സീനിയർ ഡോക്ടർ അവിടെയുണ്ടായിരുന്നെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിന് പിന്നാലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിത്സ നൽകാൻ മുതിർന്ന ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിന് ഇടയാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.