Spread the love

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 2020 ൽ ആരംഭിച്ച 37,000 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയാണ് ദി 2 ആഫ്രിക്ക പേള്‍സ്.

കേബിളുകളുടെ നീളം 45,000 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 92 ടെലികോം കമ്പനികളുടെ ഉടമസ്ഥതയിലുള്ള സീ-മീ-വീ 3 കേബിൾ സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശൃംഖല (39,000 കിലോമീറ്റർ). ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2 ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽത്തട്ടിലൂടെയുള്ള കേബിൾ ശൃംഖലയായി ഇത് മാറും.

പദ്ധതിക്കായി സൗദി ടെലികമ്യൂണിക്കേഷൻ കമ്പനിയുമായും എയർടെൽ സഹകരിക്കുന്നുണ്ട്. എയർടെല്ലിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ലാൻഡിംഗ് സ്റ്റേഷനുമായി കേബിൾ ബന്ധിപ്പിക്കും. ചെന്നൈ (2), മുംബൈ (1) എന്നിവിടങ്ങളിലായി എയർടെല്ലിന് മൂന്ന് ലാൻഡിംഗ് സ്റ്റേഷനുകളുണ്ട്. ഇന്‍റർനെറ്റ് വേഗത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഫെബ്രുവരിയിൽ എയർടെൽ സീ-മീ-വീ 6 എന്ന കേബിൾ ശൃംഖലയിലും പങ്കാളികളായിരുന്നു.

By newsten