തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ 10 ബസുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ സിറ്റി സർക്കുലർ സർവീസിനായി 50 കെ.എസ്.ആർ.ടി.സി ബസുകളാണ് ഉണ്ടാവുക. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനുള്ള സ്ഥിരം സംവിധാനവും കെ.എസ്.ആർ.ടി.സി സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെ.എസ്.ആർ.ടി.സി ഒരു പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി. 99,18,175 രൂപ ചെലവഴിച്ചും 81,33,983 രൂപ കെ.എസ്.ഇ.ബിക്ക് നൽകിയും ഉൾപ്പെടെ 1,80,52,158 രൂപ ചെലവഴിച്ചാണ് കെ.എസ്.ആർ.ടി.സി സബ് സ്റ്റേഷൻ സ്ഥാപിച്ചത്.
ഇതോടെ വൈദ്യുതി മുടക്കമില്ലാതെ മികച്ച രീതിയിൽ ചാർജ്ജ് ചെയ്യാൻ കഴിയും. 4 ബസുകൾക്ക് ഒരേസമയം ഒരു ചാർജിംഗ് ഗൺ ഉപയോഗിച്ച് സ്ലോ ചാര്‍ജിങ്ങും രണ്ട് ഗണ്‍ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാര്‍ജിങ്ങും നടത്താം. സ്ലോ ചാർജിംഗ് രാത്രിയിൽ ആകും ചെയ്യുക.
വികാസ് ഭവൻ, പേരൂർക്കട, തിരുവനന്തപുരം സെൻട്രൽ, പാപ്പനംകോട് സെന്റർ വർക്ക്ഷോപ്പ് എന്നിവിടങ്ങളിലും താൽക്കാലിക ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.