കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചിന്റേതാണ് ഇത് സംബന്ധിച്ച ഉത്തരവ്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം നിരോധിച്ചിരുന്നു. ഏകീകൃത കുർബാനയെച്ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങൾ നിരോധിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് സർക്കുലർ പുറത്തിറക്കിയത്.
അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണമെന്നും സർക്കുലറിൽ പറയുന്നു. പ്രാർത്ഥന പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി അതിരൂപതാ ആസ്ഥാനത്ത് ഏകീകൃത കുർബാനയ്ക്കെതിരെ ഉപരോധസമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.