കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ടനരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ലിന്‍റെ മക്കളായ മഞ്ജുവും സഞ്ജുവും മൃതദേഹം ഏറ്റുവാങ്ങി. റോസ്ലിൻ വാടകയ്‌ക്ക് താമസിച്ചിരുന്ന കാലടിയിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം രണ്ട് മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നവംബർ 20നാണ് തമിഴ്നാട് സ്വദേശിനിയായ പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയത്. പത്മയുടെ മകൻ സെൽവരാജും സഹോദരിയും ചേർന്ന് മൃതദേഹം തമിഴ്നാട്ടിലെ ധർമ്മപുരിയിൽ എത്തിച്ച് ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി സംസ്കരിച്ചു.
മനുഷ്യബലി നടത്തിയ ശേഷം റോസ്ലിൻ, പത്മ എന്നിവരുടെ ശരീരഭാഗങ്ങൾ അറവുശാലയിലേത് പോലെ മുറിച്ചുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഷാഫി വിശ്വസിപ്പിച്ചിരുന്നു. മനുഷ്യമാസം ഭക്ഷിക്കുന്നവരുണ്ട്. ഇതുപയോഗിച്ച് പൂജകൾ നടത്തുന്ന സിദ്ധൻമാരുണ്ട്. ഈ മാസം മനുഷ്യഹത്യ നടത്തിയ ശേഷം അറുത്ത് വിൽക്കുകയാണെങ്കിൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഷാഫി പറഞ്ഞിരുന്നു.
ഇതിനായി ബെംഗളൂരുവിൽ പ്രത്യേക ആളുകളുണ്ട്. ബലിയുടെ പിറ്റേന്ന് വന്ന് മാംസം ഇവർ വാങ്ങുമെന്നും പറഞ്ഞു. റോസ്ലിനെ കൊലപ്പെടുത്തിയ ശേഷം മാംസം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഹൃദയം, കരൾ, വൃക്കകൾ എന്നിവ സിപ്പ് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. അതിന് കൂടുതൽ പണം കിട്ടുമെന്ന് ഇയാൾ പറഞ്ഞു. പിറ്റേന്ന് രാവിലെ ഇടപാടുകാർ വരുമെന്ന് പറഞ്ഞെങ്കിലും ആരും വന്നിരുന്നില്ല.