യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്രയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയരം കൂടിയ വനിതയായ റുമെയ്സാ ഗെൽഗി എന്ന 24കാരിയാണ് വിമാനയാത്രയെന്ന സ്വപ്നം നിറവേറ്റിയത്.
ടർക്കിഷ് വിമാനക്കമ്പനി ഏഴ് അടി ഏഴ് ഇഞ്ച് ഉയരമുള്ള റുമെയ്സയുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. ഉയരക്കൂടുതൽ കാരണം വിമാനയാത്ര സാധിക്കാതിരുന്ന റുമെയ്സ ടർക്കിഷ് എയർലൈൻസിലേറി സാൻഫ്രാൻസിസ്കോയിലേക്ക് പറന്നു.
അസ്ഥികൾ വളരുന്ന വിവർ സിൻഡ്രോം എന്ന അവസ്ഥ മൂലം വീൽ ചെയറിൽ മാത്രം സഞ്ചരിച്ചിരുന്ന റുമെയ്സ 13മണിക്കൂർ നീണ്ട ആകാശയാത്ര ആവോളം ആസ്വദിച്ചു. ആറ് ഇക്കോണമി സീറ്റുകൾ പ്രത്യേക സ്ട്രക്ച്ചറാക്കി മാറ്റിയാണ് വിമാനക്കമ്പനി യാത്രാ സൗകര്യമൊരുക്കിയത്. യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് റുമെസ ടർക്കിഷ് എയർലൈൻസിനോടുള്ള നന്ദി അറിയിച്ചത്.