എട്ട് വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ഉറക്കമിളച്ചിരുന്ന് കാണുന്ന സുജ ഭർത്താവ് പ്രമോദിന് അത്ഭുതമായിരുന്നു.ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത സുജയുടെ പെട്ടെന്നുള്ള ഫുട്ബോൾ ഭ്രമമായിരുന്നു ഭർത്താവിനെ ആശ്ചര്യപ്പെടുത്തിയത്.’ഞാൻ ഉറങ്ങാതെ ടിവിക്ക് മുന്നിലിരിക്കുന്നത് ഫുട്ബോൾ കാണാനല്ല, സ്റ്റേഡിയം കാണാനാണെന്നായിരുന്നു സുജയുടെ മറുപടി.
അന്ന് ടിവിയിൽ ബ്രസീലിലെ സ്റ്റേഡിയങ്ങൾ കണ്ടാസ്വദിച്ചിരുന്ന സുജ ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സരം നടന്ന അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയം നേരിൽ കാണാനോ, മെസ്സിപ്പടയുടെ കളി കാണാനോ ആയിരുന്നില്ല ആ വരവ്. ലോകകപ്പ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ‘എ കോം’ കമ്പനിയിലെ ഡിസൈൻ മാനേജരാണ് സുജയിപ്പോൾ
ബാഡ്മിന്റണോടായിരുന്നു ചെറുപ്പത്തിൽ താല്പര്യം.സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് ആർ.ഇ.സിയിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കി 22 വർഷങ്ങൾക്ക് മുൻപാണ് എറണാകുളം സ്വദേശിനിയായ അവർ ഖത്തറിലെത്തിയത്. വില്ലകളും,അപ്പാർട്മെന്റുകളും രൂപകൽപ്പന ആർക്കിടെക്ടായി നിരവധി കമ്പനികളിൽ ജോലി ചെയ്തു.ലോകകപ്പ് സ്റ്റേഡിയങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള അവസരം എ കോമിൽ ഡിസൈൻ മാനേജറായിരിക്കെയാണ് ലഭിച്ചത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു. അഹമ്മദ് ബിൻ അലി സ്റ്റേഡിയം രൂപകൽപ്പന ചെയ്തുകൊണ്ട് സുജ ഖത്തർ ലോകകപ്പിന്റെ ഭാഗമായി.