കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണമെന്നും സർക്കുലറിൽ പറയുന്നു.
പ്രാർത്ഥന പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി അതിരൂപതാ ആസ്ഥാനത്ത് ഏകീകൃത കുർബാനയ്ക്കെതിരെ ഉപരോധസമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കഴിഞ്ഞ ദിവസം കുർബാന അർപ്പിക്കാനെത്തിയപ്പോൾ ബസിലിക്കയ്ക്ക് മുന്നിൽ വച്ച് വിമത വിഭാഗം തടഞ്ഞിരുന്നു. ആറുമണിയോടെ കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രലിലെ ബസിലിക്കയ്ക്ക് മുന്നിലെത്തിയ ബിഷപ്പിനെ ഗേറ്റിനു മുന്നിൽ തടയുകയായിരുന്നു. ഇതേതുടർന്ന് ഔദ്യോഗിക പക്ഷത്ത് നിന്ന് ഒരു കൂട്ടം വിശ്വാസികൾ അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ചുകയറി ബോർഡുകളും കസേരകളും തകർത്തു. ഇതോടെയാണ് പൊലീസ് ഇടപെട്ട് ജനങ്ങളെ തുരത്തിയത്.