ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തുടനീളം മറ്റൊരു മെഗാ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. പ്രചാരണ പരിപാടി രണ്ടുമാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന 2023 ജനുവരി 26 മുതൽ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ഗ്രാമ, ബ്ലോക്ക് തലങ്ങളിലെ പദയാത്രകൾ, ജില്ലാ തലങ്ങളിലെ കൺവെൻഷനുകൾ, സംസ്ഥാന തലത്തിൽ റാലികൾ എന്നിവ യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്ത്രീകളെ സംഘടിപ്പിച്ച് മഹിളാ മാർച്ച് നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. 2023 മാർച്ച് 26ന് പ്രചാരണം സമാപിക്കും.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ആവേശം നിലനിർത്താനും അത് പാർട്ടിയുടെ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനുമാണ് പുതിയ കാമ്പയിൻ നടത്തുക. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്‍റെ കത്ത് പ്രചാരണ വേളയിൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.