തിരുവനന്തപുരം: ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റ് വനഭൂമിയുടെ അവകാശത്തിന്റെ തെളിവാണെന്ന് അംഗീകരിക്കുന്നത് ഒഴിവാക്കാൻ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സർക്കാർ. ഭേദഗതിയോടെ 6,500 ഹെക്ടർ വനഭൂമി സർക്കാർ ഉടമസ്ഥതയിൽ സംരക്ഷിക്കപ്പെടും. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ച് കൊടുക്കലും) ഭേദഗതി ബിൽ റവന്യൂ വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ചില ഭേദഗതികളോടെയാണ് അവതരിപ്പിക്കുക.
ക്രയ സർട്ടിഫിക്കറ്റ് ഉള്ള എല്ലാവർക്കും വനഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്നാണ് സി.പി.ഐയുടെ വാദം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചെറിയ അളവിൽ ഭൂമിയുള്ളവർക്ക് ഉടമസ്ഥാവകാശം നൽകി ബിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിയമവകുപ്പിന്റെ അഭിപ്രായത്തിന് ശേഷം അവകാശം അനുവദിക്കേണ്ട ഭൂമിയുടെ പരിധി തീരുമാനിക്കും. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ച് കൊടുക്കലും) നിയമ പ്രകാരം സംസ്ഥാനത്തെ സ്വകാര്യ വനങ്ങൾ സർക്കാരിൽ നിക്ഷിപ്തമാക്കി അവയിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷി ചെയ്യുന്നതിന് പതിച്ച് കൊടുക്കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നു.
കേരള ഭൂപരിഷ്കരണ നിയമപ്രകാരം ക്രയ സർട്ടിഫിക്കറ്റ് നൽകുന്നത് കുടിയാന് ഭൂമി അനുവദിച്ച് നൽകുന്നതിന്റെ തെളിവാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കമുണ്ടായപ്പോൾ പലരും കോടതിയെ സമീപിച്ചെങ്കിലും കേസുകൾ തള്ളുകയായിരുന്നു. എന്നാൽ, ക്രയ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഭൂമിയിൽ അവകാശമുണ്ടെന്നത് 2019ൽ സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഈ വിധി വനഭൂമിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.